
മനസിനും ശരീരത്തിനും ഒട്ടും ഭാരമില്ലാതിരുന്ന കാലം. ഓരോ ആഴ്ചയും ഞാനും ഏച്ചിയും കാത്തിരുന്നത് ഞായറാഴ്ചകൾക്ക് വേണ്ടിയാണു. പറയുമ്പോൾ ഞങ്ങൾ തമ്മിൽ അത്ര സ്വരച്ചേർച്ച ഉണ്ടായിരുന്നില്ലെങ്കിലും ഞായറാചകൾക്ക് വേണ്ടി ചെറിയ ചില വിട്ടുവീഴ്ചകൾ ചെയ്തിരുന്നു.
ഞാൻ കറുത്തതും ഏച്ചി വെളുത്തതും ആണ് എന്നുള്ള ചിന്ത എന്നിൽ ചെറുതായി അസൂയയുടെ വിത്തുകൾ പാകിയിരുന്നു. വീട്ടിൽ അത്തരത്തിൽ വിവേചനപരമായ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും, നാട്ടിൽ വെളുത്ത കുട്ടികൾ ഉള്ള വല്യമ്മമ്മാരും മൂത്തമ്മമാരും പറയുന്നത് എന്റെ മനസ്സിൽ കയറി കൂടിയിരുന്നു “ഓൻ വെളുത്തിട്ടായൊണ്ട് ഓന് ഏതു കളറും ചേരും.” പൊതുവെ ഉടുപ്പെടുക്കുമ്പോൾ എനിക്ക് ലൈറ്റ് നിറങ്ങളും ഏച്ചിക്ക് ഡാർക്ക് നിറങ്ങളും എടുക്കുന്നതും എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.
ഏറെക്കുറെ ഈ കളർ കോംപ്ലക്സ് മറികടക്കാൻ എന്നെ സഹായിച്ചത് എന്റെ സ്കൂളിലെ മോറൽ സയൻസ് ക്‌ളാസുകൾ ആണെന്ന് പറയാം. അച്ചടക്കം, വൃത്തി, കഠിനാധ്വാനം എന്നിവ ആണ് ഒരു മനുഷ്യന് പ്രധാനം എന്നുള്ള തോന്നൽ എന്റെ സെൽഫ് കോൺഫിഡൻസ് ചെറിയ രീതിയിൽ വർധിപ്പിച്ചിരുന്നു. കളർ കോംപ്ലക്സ് മാറ്റി വച്ചാലും അടി ഉണ്ടാക്കാൻ പിന്നെയും നൂറു കാരണങ്ങൾ എനിക്കും എച്ചിക്കും ഇടയിൽ ബാക്കി ഉണ്ടായിരുന്നു.
വീടിനു പുറമെ മിതഭാഷി ആയിരുന്നെങ്കിലും വീട്ടിൽ ഞാനൊരു കൂതറ ആയിരുന്നു. കൈയ്യങ്കാളി വീട്ടിൽ നിരോധിച്ചതിനാൽ, വാക്കുകൾ കൊണ്ടുള്ള കുത്തി നോവിക്കൽ ആയിരുന്നു അധികവും. ഏച്ചി സ്കൂളിൽ നിന്ന് പഠിച്ച വലിയ വലിയ പദങ്ങൾ എനിക്ക് നേരെ ഉപയോഗിച്ചു “നിനക്ക് സ്പ്ളിറ് പേഴ്സണാലിറ്റി ഡിസ്ഓർഡർ ആണ്, നിന്റെ മെടുല ഒബ്ലോങ്ങാറ്റ ഞാൻ അടിച്ചു തകർക്കും.” മെടുല ഓബ്ലോങ്ങാറ്റ വരെ കാര്യങ്ങൾ എത്തിയാൽ പിന്നെ എനിക്ക് വജ്രായുധം പുറത്തെടുക്കുകയല്ലാതെ വേറെ വഴിയില്ല. “അമ്മേ” എന്ന് നീട്ടി ഒരു വിളി, പിന്നെ എങ്ങൽ അടിച്ചു രണ്ട് കരച്ചിൽ, ചപ്പാത്തി പരത്തുന്ന കൊലുമായി വന്നു അമ്മ എന്താണ് കാരണം എന്ന് പോലും ആന്വേഷിക്കാതെ ഏച്ചിക്ക് രണ്ടെണ്ണം കൊടുക്കും. ആറു വയസ്സിന്റെ വ്യത്യാസം മുതെലെടുക്കാൻ ഇങ്ങനെ കിട്ടുന്ന അവസരങ്ങൾ ഞാൻ കൃത്യമായി ഉപയോഗിച്ചിരുന്നു.
പക്ഷെ ഞായറാഴ്ചകൾ അങ്ങനെ അല്ല. ഞായറാഴ്ച അച്ഛൻ വീട്ടിൽ ഉണ്ടാകും. കാര്യങ്ങളുടെ ന്യായ അന്യായങ്ങൾ അന്വേഷിച്ചു നടപടി സ്വീകരിക്കുമ്പോൾ ചിലപ്പോൾ ഞായറാഴ്ച ഉള്ള പുറത്തു പോക്ക് ക്യാൻസൽ ആകും. അത് കൊണ്ട് അന്ന് ഞങ്ങൾ ഉടമ്പടി ഒപ്പിട്ട പോലെ മാന്യമായ പെരുമാറ്റച്ചാട്ടം പാലിച്ചിരുന്നു. അച്ഛൻ രാവിലെ തന്നെ ബജാജ് സ്കൂട്ടർ കഴുകി വൃത്തിയാക്കി റെഡി ആക്കി വാക്കും. ഞങ്ങൾ നാല് പേർക്ക് വിശാലമായി ഇരുന്നു പോകാൻ ഉള്ള ഷോറൂം ആ വണ്ടിയിൽ ഉണ്ടായിരുന്നു എന്ന് ഇന്നെനിക്ക് വിശ്വസിക്കാൻ ആകുന്നില്ല. ഇന്ന് പലരും triple വച്ചു പോകുമ്പോൾ ഞാൻ അവരെ വിമർശിക്കാറുണ്ട്. പിന്നിട്ട വഴികൾ എത്ര പെട്ടന്നാണ് അല്ലെ മനുഷ്യൻ മറക്കുന്നത്.
ആ ബജാജ് സ്കൂട്ടർ അച്ഛൻ വിട്ടപ്പോൾ എനിക്ക് വീട്ടിലെ പ്ലാവ് വെട്ടിയപ്പോൾ ഉള്ള അതെ വിഷമം തോന്നിയിരുന്നു. സ്കൂട്ടറിന്റെ മുന്നിൽ ഇരുന്നു കാറ്റു ഒക്കെ കൊണ്ട് കോഴിക്കോട് വരെ ഉള്ള യാത്ര, അത്ര സുഖമുള്ള യാത്ര വേറെ ഇല്ല. കോഴിക്കോട് എത്തിയാൽ ആദ്യം ഞങ്ങൾ സിനിമയ്ക്കു പോകും. പിന്നെ സാഗർ ഹോട്ടലിൽ നിന്ന് ബിരിയാണി. ബീച് വിസിറ്റോടു കൂടി ഞായറാഴ്ച സമ്പൂർണമാകും. അച്ഛനും അമ്മയും നാട്ടു വാർത്തനത്തിൽ മുഴുകുമ്പോൾ ഞങ്ങൾ കടലിൽ കളിക്കും. ഏച്ചി കൂടെ ഉണ്ട് എന്നുള്ള വിശ്വാസത്തിൽ അന്ന് പക്ഷെ ഞാൻ കൊർച് അധികം മുന്നോട്ട് പോയി. തിരമാലകൾ വന്നു മൂടിയതും ബാലൻസ് തെറ്റിയതും ഒന്നിച്ചായിരിന്നു. ഞാൻ മുങ്ങി താഴാൻ തുടങ്ങി. ചാവാൻ പോവുകയാണ് എന്നെനിക്കു തന്നെ തോന്നി. പെട്ടന്ന് എന്നെ കടൽ വലിക്കുന്നതിനേക്കാൾ ശക്തിയിൽ ആരോ പിന്നോട്ട് വലിച്ചു. കണ്ണു തുറന്നപ്പോൾ ഏച്ചി ആണ് എന്നെ കൈ പിടിച്ചു എണീപ്പിച്ചത്. മുന്നോട്ട് പോയതിനു കൊറേ ചീത്തയും പറഞ്ഞു. അച്ഛനും അമ്മയും ഇതൊന്നും അറിഞ്ഞിട്ടില്ല. എന്നെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് കൊണ്ട് പോയി ഏച്ചി പ്രഖ്യാപിച്ചു “ഇതാ കടലിൽ മുങ്ങി ചവാൻ പോയ നിങ്ങളുടെ മോള്”. അങ്ങനെ നാലാം ക്‌ളാസിൽ വച്ചു കടൽ എടുക്കേണ്ടിയിരുന്ന എന്റെ ജീവിതം സ്വന്തം ഇച്ഛാശക്തി കൊണ്ട് തിരിച്ചു പിടിച്ച എച്ചിയുടെ പിന്നാലെ ഞാൻ സൂപ്പർമാൻ രക്ഷിച്ച പട്ടിക്കുട്ടിയെ പോലെ വാലാട്ടി നടന്നു. പക്ഷെ അച്ഛൻ പിറ്റേ ദിവസം കൊണ്ട് വന്ന മൂന്നു ചോക്കോബാറിനു മുന്നിൽ ആ നന്ദി അലിഞ്ഞു ഇല്ലാതെ ആയി..
Picture courtesy : Pexels (Akshay Suresh)
Leave a comment