മഴ തോർന്നു വാർന്നൊരു
മുറ്റത്തിൻ മൂലയിൽ ഇടിവെട്ടി-
യൊന്നിന്റെ അരികിലണഞ്ഞു
ഞാൻ ചെവിയൊന്നു കൂർപ്പിച്ചു.
ആണ്ടിലൊരിക്കൽ വന്നു വിരിഞ്ഞു
കഥകൾ പറയുന്നോരെന്റെ തോഴി.
ഇടി വെട്ടും നേരത്തു നെഞ്ച്
മിടിക്കുന്ന പിച്ചിയും മുല്ലയും
പോലെയല്ലായിവൾ, ഇടി വെട്ടി
മഴ പെയ്യേ ഇതളുകൾ വിരിയിച്ചു
മഴയൊന്ന് നനയുവാൻ ദിവസങ്ങ-
ളെണ്ണി കഴിച്ചവൾ, ദീർഘമല്ലെങ്കി-
ലും ജീവിതം മടിയാതെ, നിനയാതെ
നീട്ടി നിവർത്തി തോട്ടത്തിൻ മൂല-
യ്ക്കു പുതുനിറം നേർന്നവൾ .
ചുടുചുടാ നിറമുള്ള കവിളുകൾ
കൊണ്ടവൾ പാടിപ്പറഞ്ഞു
ഇടിമുഴക്കം പായിക്കും മിന്നലല്ല
പ്രേമം, നേരോടെ വീറോടെ വിരി-
യാൻ തുടങ്ങുന്നയിതളിന്റെ
നിഴലാണ്, നിറമാണ്, നന്മയാണ്.

Leave a comment